തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കെഎസ്ഇബി വിദഗ്ധസംഘം പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി. അവശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൊയിലിങ്ങാപ്പുഴയിലാണ് മൂന്ന് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പൂവാറൻതോട് ജലവൈദ്യുത പദ്ധതി. പ്രതിവർഷം 5.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മലയോര മേഖലയിലെ ജലസ്രോതസുകൾ പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്ന പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് പൂവാറൻതോട് പദ്ധതി.
പദ്ധതിയുടെ സിവിൽ നിർമാണ പ്രവൃത്തികൾക്കായി 21.59 കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളത്. പിജിസിസി പിഎൽ – ആര്യ കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് സിവിൽ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികളുടെ കരാർ കിർലോസ്കർ ബ്രദേഴ്സിനാണ്. 2023-ലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂന്ന് വർഷമാണ് നിർമാണ കാലാവധിയായി നിശ്ചയിച്ചിരുന്നത്. പദ്ധതി പ്രദേശത്ത് റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള ചില പ്രവൃത്തികൾ കൂടി പൂർത്തിയാക്കാനുണ്ട്. ഇവ രണ്ടുമാസത്തിനകം പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനത്തിന് സജ്ജമാക്കാൻ കഴിയുമെന്നാണ് വിദഗ്ധസംഘം വിലയിരുത്തിയത്.
കെഎസ്ഇബി ബോർഡ് ഡയറക്ടർ എം.വി. രാജൻ, ജനറേഷൻ സിവിൽ ചീഫ് എൻജിനിയർ ബിജു വിശ്വൻ, കോഴിക്കോട് പ്രോജക്ട് എക്സിക്യൂഷൻ ബിൻ സിംഗ്, ഉത്തരമേഖല പ്രോജക്ട് മാനേജർ എം. ഉപേന്ദ്രൻ, ആര്യ കോൺ പ്രോജക്ട് മാനേജർ റിന്റോ കെ. ജോൺ, പിജിഡി ഡയറക്ടർ സിറാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ മലയോര മേഖലയിലെ വൈദ്യുതി ഉത്പാദന രംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, നിർമാണത്തിന്റെ അവസാനഘട്ടത്തിലും പരിസ്ഥിതി, സുരക്ഷ, പ്രദേശവാസികളുടെ താത്പര്യം എന്നിവ പരിഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
നിർമാണത്തിനിടെ ഉയർന്ന പ്രതിഷേധങ്ങൾ രമ്യമായി പരിഹരിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാറപൊട്ടിച്ചതിനെ തുടർന്നുണ്ടായ പ്രകമ്പനം പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു. ഇതിനെതിരേ പ്രദേശവാസികളെ ചേർത്തുനിർത്തി ബന്ധപ്പെട്ടവരുമായി നിരന്തരം ചർച്ച നടത്തുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഒടുവിൽ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കഴിഞ്ഞു.
വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ അതോടൊപ്പം പ്രദേശവാസികളുടെ സുരക്ഷയും അവരുടെ ആശങ്കകൾക്കുള്ള പരിഹാരവും ഉറപ്പാക്കണമെന്നതാണ് നിലപാട്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തിന് ലഭിക്കുന്ന വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തിനൊപ്പം നിർമാണവുമായി ബന്ധപ്പെട്ട ബാക്കിയുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
റോയ് ആക്കേൽ, വാർഡ് അംഗം